മലയാളത്തിന്റെ മഹനീയ സങ്കൽപമാണ് ഓണം. ജാതി-മത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണിത്. അതിജീവനത്തിന് പ്രചോദനമേകുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ സാധിക്കട്ടെ.

പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. പക്ഷേ, അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ഓരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റത്തിന്റെ പ്രയാസങ്ങളില്ലാതെ ഓണം ആഘോഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയിൽ കരുത്തും പകരുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം.

സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ തക്കംപാർത്തിരിക്കുന്ന ഈ കാലത്ത്, ജാതി-മത വ്യത്യാസങ്ങൾക്കതീതമായി നമുക്ക് ഒറ്റക്കെട്ടായി ഒന്നിച്ചുനിൽക്കാനാകണം. അതുതന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും.

കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. അവർക്കെല്ലാം ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു.